ദില്ലി: ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി രംഗത്ത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്നും അവർ ആരോപിച്ചു.
ഡോ. റീനയ്ക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ശ്രീമതി ചൂണ്ടിക്കാട്ടി. “ഒരു മണിക്കൂറിനുള്ളിലാണ് ഉത്തരവ് ഇറക്കിയത്. ഇത് നിയമവിരുദ്ധമാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ അവരുടെ സമ്മതമില്ലാതെ സ്പെഷ്യാലിറ്റി കേഡറിലേക്ക് മാറ്റാൻ കഴിയില്ല. ഇക്കാര്യത്തിൽ നിരവധി സാങ്കേതിക വീഴ്ചകളുണ്ട്. അവരുടെ ഭാഗത്ത് പിഴവുണ്ടെന്ന് സർക്കാർ കരുതിയിരുന്നെങ്കിൽ വിശദീകരണം തേടി നോട്ടീസ് നൽകാമായിരുന്നു,” എന്നും അവർ പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സ്വീകരിച്ച പാർട്ടി നടപടിയെക്കുറിച്ചും പി.കെ. ശ്രീമതി പ്രതികരിച്ചു.
“പാർട്ടിക്ക് പത്മകുമാറിനെ പേടിക്കേണ്ട കാര്യമില്ല. ഒരു ശിക്ഷാനടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിൽ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള അച്ചടക്ക നടപടികൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നടപടിയെ പത്മകുമാർ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു സമ്മർദത്തിനും സിപിഎം ഇതുവരെ വഴങ്ങിയിട്ടില്ല,” എന്നും അവർ വ്യക്തമാക്കി.
പത്മകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് പാർട്ടി സമ്മർദത്തിന് വഴങ്ങി സസ്പെൻഷനിൽ ഒതുങ്ങിയതെന്ന രാഷ്ട്രീയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പി.കെ. ശ്രീമതിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.














Leave a Reply