കെ.എസ്.ആർ.ടി.സി നിയമനത്തിൽ തർക്കം; ആശ്രിതനിയമനത്തിന് മുൻഗണന നൽകിയെന്ന് വിമർശനം

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനത്തിന് നീക്കം നടക്കുന്നതായി ഉയരുന്ന ആരോപണം പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളിൽ ആശങ്ക ഉയർത്തുന്നു. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കേരള പി.എസ്.സി റാങ്ക് പട്ടികയ്ക്ക് ഇനി ആറുമാസത്തെ കാലാവധി ശേഷിക്കേ, ആശ്രിതനിയമനത്തിന് മുൻഗണന നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമർശനം.

പ്രിലിമിനറി, മെയിൻസ് പരീക്ഷകൾ വിജയിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം ഒഴിവുകളുടെ 95 ശതമാനം പി.എസ്.സി മുഖേനയും 5 ശതമാനം മാത്രം ആശ്രിതനിയമനത്തിലൂടെയും നികത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ അനുപാതം പാലിക്കാതെയാണ് നിയമന നടപടികൾ പുരോഗമിക്കുന്നതെന്നാണ് ആരോപണം.

കെ.എസ്.ആർ.ടി.സിയിലേക്ക് 419 പേരടങ്ങുന്ന ആശ്രിതനിയമന പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി 150 പേരെ നിയമിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആശ്രിതനിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാമെങ്കിലും പിന്നീട് 5 ശതമാനം പരിധിക്കുള്ളിൽ ക്രമീകരിക്കാവുന്ന രീതിയിലായിരിക്കണം ഇത്തരം തസ്തികകൾ സൃഷ്ടിക്കേണ്ടതെന്നാണ് നിലവിലെ ചട്ടം. ഇത് ലംഘിച്ചാണ് നടപടികൾ നടക്കുന്നതെന്നാണ് ആക്ഷേപം.

പത്ത് വർഷത്തിന് ശേഷമാണ് കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനം വീണ്ടും നടപ്പിലാക്കാൻ നീക്കം നടക്കുന്നത്. ഇതിനായി തയ്യാറാക്കിയ പട്ടിക പരിശോധനയ്ക്കായി വിവിധ ഓഫീസുകളിലേക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *