അട്ടപ്പാടിയിൽ ഡെങ്കി ആശങ്ക; 40 ദിവസത്തിനിടെ 24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ ഉയരുന്നതിനിടെ അട്ടപ്പാടി ആദിവാസി മേഖലയിലും രോഗവ്യാപനം ആശങ്കയുണർത്തുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഇവിടെ 24 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മുൻ വർഷങ്ങളിൽ അട്ടപ്പാടിയിൽ ഡെങ്കിപ്പനി കേസുകൾ വളരെ കുറവായിരുന്നുവെന്നും പലപ്പോഴും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതുമാണ് സ്ഥിതി. എന്നാൽ ഇത്തവണ രോഗികളുടെ എണ്ണം രണ്ടക്കത്തിലെത്തിയതോടെ പ്രദേശവാസികൾക്കിടയിൽ ആശങ്ക ശക്തമായിരിക്കുകയാണ്.

ഇതിനിടെ, പാലക്കാട് ജില്ലയിൽ ഈ വർഷത്തെ ആദ്യ ഡെങ്കി മരണം കഴിഞ്ഞ ശനിയാഴ്ച കരിമ്പുഴയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *