ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യ ജാമ്യം ഒമ്പതാം പ്രതി ഹരീഷ് കുമാറിന്. 50,000 രൂപയുടെയും അല്ലെങ്കിൽ തത്തുല്യമായ ജാമ്യക്കാരുടെയും അടിസ്ഥാനത്തിലാണ് ജാമ്യം.

എല്ലാ ബുധനാഴ്ചയും രാവിലെ 10നും 12നുമിടയിൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. ഇത് മൂന്നുമാസം തുടരണം, അതിനിടയിൽ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതര ആരോപണമുണ്ടെങ്കിലും അന്വേഷണോദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽനിന്ന് ദൃശ്യ മഹസറും വാഹന മഹസറും തയാറാക്കിയതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും ആയുധങ്ങളിൽ ഭൂരിഭാഗവും കണ്ടെടുത്തതായും ദൃശ്യങ്ങൾ ശേഖരിച്ചതായും കാണാമെന്ന് പ്രതിഭാഗം വാദിച്ചു.

കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച വടി ഇതുവരെ കണ്ടെടുത്തില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞെങ്കിലും അന്വേഷണം ഏറെക്കുറെ പുരോഗമിച്ചതിനാൽ അപേക്ഷകനെ കൂടുതൽ തടങ്കലിൽ വെക്കേണ്ട ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ, ഈ സംഭവത്തിനിടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 25 പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്.

അതേസമയം, കേസിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നു, ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സി.പി.എം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ സന്തോഷിന്‍റെ സാന്നിധ്യം ദൃശ്യങ്ങളിൽ നിന്നുൾപ്പെടെ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ അയാളെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് സന്തോഷ് വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ജീവൻ, 13ാം പ്രതി നന്ദു, 23ാം പ്രതി ഷൈകജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *