കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകൾക്കുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം അനുബന്ധ സംഘടനയായ മഹിളാ അസോസിയേഷനും ബി.ജെ.പി അനുബന്ധ സംഘടനയായ മഹിളാ മോർച്ചയും ഉയർത്തുന്ന വിമർശനങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ രംഗത്തെത്തി. പേരിൽ മഹിളാ മോർച്ചയും മഹിളാ അസോസിയേഷനും ആണെങ്കിലും സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിൽ എതിർപ്പും വിവാദവും സൃഷ്ടിക്കുന്നത് ഇവർ തന്നെയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “സമയം നോക്കാനറിയാത്ത പി.കെ. ശ്രീമതിയുടെ സമയം തീരെ മോശമായി. സാരമില്ല, ദേശാഭിമാനി മാറ്റി വേറെ പത്രം വായിച്ചാൽ മതി. സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യയാത്ര നൽകുന്നതിൽ ഇവർക്കെന്താ ഇത്ര ദേഷ്യമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറയുമ്പോൾ മഹിളാ മോർച്ച, മഹിളാ അസോസിയേഷൻ എന്നൊക്കെയാണ് ഇവരുടെ പേര്. പക്ഷേ സ്ത്രീകൾക്ക് ഇന്ദിര ഗ്യാരന്റി കൊടുക്കുന്നതിൽ വെറുതെ അലമ്പുണ്ടാക്കുന്നതും ഇവർ തന്നെയാണ്,” എന്നാണ് ജിന്റോ ജോൺ കുറിച്ചത്.
ഇതിനിടെ, സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്രീമതിയും വാർത്തകളിൽ ഇടംപിടിച്ചു. സൗജന്യയാത്രയുടെ സമയം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണിവരെയാക്കണമെന്നായിരുന്നു അവർ മാധ്യമങ്ങളോട് പ്രതികരിക്കവെ ആവശ്യപ്പെട്ടത്. എന്നാൽ പദ്ധതിക്ക് സമയപരിധിയില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ തെറ്റിദ്ധാരണ ഉണ്ടായതായി സമ്മതിച്ച ശ്രീമതി പിന്നീട് ക്ഷമാപണം നടത്തി.
അതേസമയം, രാഹുൽ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉദ്ധരിച്ച് കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവും പി.കെ. ശ്രീമതി മുന്നോട്ടുവച്ചു. “കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുമെന്ന വാഗ്ദാനം നടപ്പാക്കണം. ഇന്ന ബസിൽ മാത്രമേ സൗജന്യം ലഭിക്കൂ എന്ന് പറയുന്നത് ശരിയല്ല. പ്രഖ്യാപനം നടപ്പാക്കുക എന്നത് സർക്കാരിന്റെ ഔചിത്യമാണ്,” എന്നായിരുന്നു അവരുടെ പ്രതികരണം.
ഇതിന് മുമ്പ്, കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി വനിതാ വിഭാഗമായ മഹിളാ മോർച്ചയും സമരരംഗത്തിറങ്ങിയിരുന്നു. സമാനമായ ആവശ്യങ്ങൾ വിവിധ സംഘടനകളിൽ നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് ജിന്റോ ജോണിന്റെ പരിഹാസപരമായ പ്രതികരണം ശ്രദ്ധ നേടുന്നത്.














Leave a Reply