തിരുവനന്തപുരം: തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എം.എൽ.എ. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കേണ്ടി വരുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ജനപ്രതിനിധിയെന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് തന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും, അത്തരം ചടങ്ങുകളിൽ ഔദ്യോഗികമായി നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകരും ചിത്രീകരണ സംഘങ്ങളും ഉണ്ടാകാറുണ്ടെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ, യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെ ചിലർ “മീഡിയ”യുടെ പേരിൽ പരിപാടികളിൽ കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞു. സാധാരണ ജീവിതത്തിലെ നിമിഷങ്ങളെ സെൻസേഷണൽ ക്യാപ്ഷനുകൾ നൽകി പ്രചരിപ്പിക്കുകയും അതിലൂടെ അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം ചാനലുകൾ തന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കിയ എം.എൽ.എ, പൊതുഇടങ്ങളിലാണെങ്കിലും ഓരോ വ്യക്തിക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടന്ന് ചിത്രീകരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് തുടർന്നാൽ സ്റ്റോക്കിങ്ങും സ്വകാര്യതാ ലംഘനവുമായി കണക്കാക്കി നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.














Leave a Reply