കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശി. രണ്ടാം പിണറായി സർക്കാരിന്റെ തകർച്ചയ്ക്ക് കാരണക്കാരൻ പി. ശശിയാണെന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
അഡ്വക്കേറ്റ് കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ, തേജോവധം ലക്ഷ്യമിട്ട് ദുരുദ്ദേശപൂർവം ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് പി. ശശി ആരോപിക്കുന്നു. ഇത്തരം പ്രസ്താവനകൾ തന്റെ വ്യക്തിപരവും പൊതുപരവുമായ പ്രതിച്ഛായയ്ക്ക് ഹാനികരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പി. ശശിയുടെ ധാർഷ്ട്യവും സ്വാധീനവും മൂലം സർക്കാരിനുള്ളിൽ പാരലൽ ഭരണസംവിധാനം രൂപപ്പെട്ടിരുന്നുവെന്നും പൊലീസ് സംവിധാനങ്ങൾ വരെ ദുരുപയോഗം ചെയ്തുവെന്നുമാണ് വെള്ളാപ്പള്ളി നടേശൻ അടുത്തിടെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ഇതേ പരാമർശങ്ങളാണ് ഇപ്പോഴത്തെ നിയമനടപടിക്ക് വഴിവെച്ചത്.
ഇതിന് മുമ്പും സമാന ആരോപണങ്ങൾ ഉന്നയിച്ച മുൻ എം.എൽ.എ പി.വി. അൻവറിനെതിരെ പി. ശശി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. നോട്ടീസിന് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, സമുദായപരവും സാമൂഹികവുമായ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത് തുടരുമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്. വിമർശനങ്ങൾ ആരെയെങ്കിലും അസ്വസ്ഥരാക്കുന്നുവെന്ന കാരണത്താൽ അവയിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.














Leave a Reply