തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. നേതാക്കളുമായി അടുത്ത ബന്ധമുള്ളവരെ സ്ഥാനാർഥികളാക്കുമ്പോൾ കൂടുതൽ ഔചിത്യം പാലിക്കേണ്ടതുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ വിവാദസാധ്യതകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട നേതാക്കൾ തന്നെ മുൻകൈയെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മലപ്പുറത്ത് സംഘടിപ്പിച്ച ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം. “ഒരാൾ സ്വന്തം അർഹതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയാകുമ്പോഴും അവരുടെ ബന്ധുത്വം ചൂണ്ടിക്കാട്ടി ബൂർഷ്വാ മാധ്യമങ്ങൾ കടന്നാക്രമിക്കാറുണ്ട്. അത്തരം പ്രചാരണങ്ങളുടെ പിന്നാലെ പാർട്ടി പോകേണ്ടതില്ല. എന്നാൽ, പാർട്ടിയെ മൊത്തത്തിൽ ആക്രമിക്കാൻ അത് മാധ്യമങ്ങൾക്ക് അവസരമാകുമെന്ന് തോന്നുന്നുവെങ്കിൽ, തനിക്കു പകരം മറ്റൊരാൾ മതി എന്ന് തീരുമാനിക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണം,” അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആവശ്യമായ ശ്രദ്ധ പുലർത്തുന്നതിൽ വീഴ്ചയുണ്ടായതായി ജില്ല കമ്മിറ്റി തന്നെ സ്വയംവിമർശനം നടത്തിയിട്ടുണ്ടെന്നും, ആ വിലയിരുത്തൽ സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചതാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കുടുംബാംഗങ്ങൾ മത്സരിച്ച പല സ്ഥലങ്ങളിലും ജനങ്ങൾ അവരെ ബോധപൂർവം തോൽപ്പിച്ചതായി പാർട്ടി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരമൊരു വിലയിരുത്തൽ ഉണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ സമാന സാഹചര്യം വീണ്ടും ആവർത്തിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായാണ് ബേബിയുടെ പ്രതികരണം.
അതേസമയം, ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങൾ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. യു.ഡി.എഫിൽ അച്ഛൻ-മകൻ, ഭാര്യ-ഭർത്താവ് തുടങ്ങിയ ബന്ധങ്ങളുള്ള നിരവധി പേർ സ്ഥാനാർഥികളാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അത് വലിയ വിഷയമായി ഉയർത്തപ്പെടാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സി.പി.എമ്മിൽ രണ്ടോ മൂന്നോ സംഭവങ്ങളിൽ മാത്രം ഉയർന്ന സമാന ആരോപണങ്ങൾ വ്യാപകമായ ചർച്ചയായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റുകാർ ആദ്യം ജനസേവകരാണെന്നും, ജനങ്ങളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറേണ്ടത് അനിവാര്യമാണെന്നും എം.എ. ബേബി പറഞ്ഞു. താഴെത്തട്ടിൽ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് പ്രസ്ഥാനത്തിന് ദോഷകരമാകുമെന്നും വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും പാർട്ടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.














Leave a Reply