വാഷിങ്ടൺ: മൂന്ന് മാസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമമിടാനുള്ള യു.എസ്-ഇറാൻ സമാധാന കരാറിനായി ലോകം കാത്തിരിക്കെ, നിർണായക വിഷയമായ യുറേനിയം സമ്പുഷ്ടീകരണത്തിൽ ഇരുരാജ്യങ്ങളും ഇപ്പോഴും വ്യത്യസ്ത നിലപാടുകളിൽ തുടരുന്നു. ആണവായുധ നിർമാണത്തിലേക്ക് നീങ്ങില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാമെന്നും ഇറാൻ ഉറപ്പുനൽകിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ നിയന്ത്രണം എത്ര കാലത്തേക്കായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
യുറേനിയം സമ്പുഷ്ടീകരണം കുറച്ച് വർഷത്തേക്ക് നിർത്തിവെക്കാൻ ഇറാൻ തത്വത്തിൽ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാലപരിധിയെച്ചൊല്ലിയാണ് തർക്കം തുടരുന്നത്. ഇറാൻ 20 വർഷത്തേക്ക് സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, 15 വർഷം എന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
അതേസമയം, 10 വർഷത്തിൽ കൂടുതൽ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഭാവിയിൽ ഇറാനെ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവദിക്കൂവെന്നും ട്രംപ് വ്യക്തമാക്കി.
60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം ശേഖരത്തിന്റെ പകുതി ഉപേക്ഷിക്കാനും ശേഷിക്കുന്ന പകുതി സൈനികേതര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലേക്ക് ലഘൂകരിക്കാനും ഇറാൻ തയ്യാറാണെന്നാണ് സൂചന. എന്നിരുന്നാലും ശേഷിക്കുന്ന ആണവ ശേഖരത്തിന്റെ അന്തിമ ഭാവിയെക്കുറിച്ച് വ്യക്തതയില്ല.
ഇതിനിടെ, യു.എസുമായുള്ള 60 ദിവസത്തെ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രാലയം ചില നിർണായക നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. യുദ്ധം പൂർണമായും അവസാനിപ്പിക്കുക, ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ വിദേശ ആസ്തികൾ തിരിച്ചുനൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാകൂവെന്നാണ് തെഹ്റാന്റെ നിലപാട്.
കരാറിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലാത്തതിനാൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങൾ തുടരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. ആണവ വിഷയത്തിൽ ചർച്ചകൾ തുടരാമെന്നതൊഴിച്ചാൽ കൃത്യമായ കരാറിൽ ഇരുരാജ്യങ്ങളും എത്തിയിട്ടില്ലെന്ന് മുൻ യു.എസ് അംബാസഡർ ഡാനിയൽ ബി. ഷാപ്പിറോ അഭിപ്രായപ്പെട്ടു.
ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നതിനിടെ കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഇറാന് കഴിയുമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, കരാർ നടന്നില്ലെങ്കിൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ അത്ര ഗൗരവത്തോടെ കാണാൻ സാധ്യതയില്ലെന്നും ഷാപ്പിറോ വിലയിരുത്തി.
ലബനാനെ വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തിയതും ഹിസ്ബുല്ലക്കെതിരായ ഇസ്രായേൽ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ട്രംപ് ഇടപെട്ടതും ഇറാന്റെ നയതന്ത്ര വിജയങ്ങളായി വിലയിരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Leave a Reply