മസ്കത്ത്: ഒമാൻ ഉൾക്കടലിൽ അപകടത്തിൽപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലെ 41 ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതരായി നാട്ടിലേക്ക് അയച്ചു. മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലായിരുന്നു മടക്കയാത്രയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. എം.ടി സെറ്റബെല്ലോ, എം.ടി ജൽവീർ എന്നീ കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. യാത്ര തിരിക്കുന്നതിന് മുമ്പ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ജീവനക്കാരെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു.
ഒമാനിലെ സുഹാർ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയായിരുന്നു പലാവു പതാകയേന്തിയ എം.ടി സെറ്റബെല്ലോ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. അപകടവിവരം ലഭിച്ചതോടെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനവും തെരച്ചിലും ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ അധികൃതർക്കായി.
ജൂൺ 11-നാണ് എം.ടി ജൽവീർ കപ്പൽ ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ ജീവനക്കാരെയും റോയൽ ഒമാൻ നേവിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇന്ത്യൻ എംബസിയും ഒമാൻ അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കരയിലെത്തിച്ച ജീവനക്കാർക്ക് താമസം, ഭക്ഷണം, അടിയന്തര യാത്രാ രേഖകൾ എന്നിവ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ ഉടൻ ലഭ്യമാക്കി. ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും എംബസി പൂർത്തിയാക്കി.
പ്രവാസികളായ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ എംബസി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.






Leave a Reply