മനാമ: രാജ്യത്തെ നിക്ഷേപ മേഖലയെ കൂടുതൽ സുരക്ഷിതവും ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങളെ ശക്തവുമാക്കാൻ ലക്ഷ്യമിട്ട് വിവിധ പുതിയ നിയമങ്ങൾക്കും നിയമഭേദഗതികൾക്കും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ അംഗീകാരം നൽകി. പാർലമെന്റും ശൂറ കൗൺസിലും പാസാക്കിയ നിയമങ്ങളാണ് രാജാവിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിലേക്ക് കടക്കുന്നത്.
നീതിന്യായം, വ്യവസായം, ആരോഗ്യം, സർക്കാർ ടെൻഡറുകൾ തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമ പാക്കേജ്. ഇതിന് പുറമെ നിരവധി പ്രാദേശിക, അന്തർദേശീയ കരാറുകൾക്കും ബഹ്റൈൻ അംഗീകാരം നൽകിയിട്ടുണ്ട്.
പുതിയ പരിഷ്കാരങ്ങളിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലീഗൽ പ്രൊഫഷൻ നിയമം. 1980ലെ നിയമത്തിന് പകരമായി കൊണ്ടുവന്ന പുതിയ നിയമം നിയമ-ന്യായാധിപ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും അഭിഭാഷകരുടെയും നിയമ സ്ഥാപനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ക്രമീകരിക്കുന്നതിന് അഭിഭാഷകർക്കും നിയമ സ്ഥാപനങ്ങൾക്കും പ്രത്യേക സാവകാശവും അനുവദിക്കും.
വ്യവസായ മേഖലയിലെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘എസ്റ്റാബ്ലിഷ്മെന്റ് ആൻഡ് ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ ഏരിയാസ്’ നിയമത്തിലും നിർണായക ഭേദഗതികൾ വരുത്തി. വ്യാവസായിക പ്ലോട്ടുകളുടെ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യ മേഖലയിൽ ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി മെഡിക്കൽ, ഡെന്റൽ പ്രാക്ടീസ് നിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവന്നു. ലൈസൻസില്ലാതെ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നവർക്കും തെറ്റായ യോഗ്യതകൾ അവകാശപ്പെടുന്നവർക്കുമെതിരെ കർശന നടപടികളും പിഴയും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗികളുടെ അവകാശങ്ങൾ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കാനും ഇത് സഹായിക്കും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളിലെ ഭേദഗതികൾ പ്രകാരം നിയമലംഘകരെതിരെ ഭരണപരമായ പിഴകളും മറ്റ് നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൂടുതൽ അധികാരം ലഭിക്കും. വാണിജ്യ ഡിസ്കൗണ്ട് ഓഫറുകളും പ്രൊമോഷണൽ കാമ്പെയ്‌നുകളും നിയന്ത്രിക്കുന്നതിലൂടെ ഉപഭോക്തൃ താത്പര്യങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാർ ടെൻഡർ നിയമം, സിവിൽ ആൻഡ് കൊമേഴ്സ്യൽ പ്രൊസീജ്യർ ആക്ട് എന്നിവയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഇരട്ട നികുതി ഒഴിവാക്കുന്നതിനായി സൗദി അറേബ്യയുമായി ധാരണയിലെത്തുകയും സമുദ്ര പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക വിവര കൈമാറ്റം, ശിക്ഷിക്കപ്പെട്ടവരുടെ കൈമാറ്റം തുടങ്ങിയ വിവിധ അന്തർദേശീയ കൺവെൻഷനുകളിൽ ബഹ്റൈൻ അംഗമാവുകയും ചെയ്തു.
ആഗോള വികസനങ്ങൾക്കനുസൃതമായി നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ ആധുനികവൽക്കരിക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് ഈ സമഗ്ര നിയമപരിഷ്കരണം വ്യക്തമാക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിന്റെ പ്രാദേശിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിനും ഈ പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.






Leave a Reply