തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ശക്തമാക്കുന്നു. നഗരസഭ ഭരണസമിതി ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാത്ത പക്ഷം ജൂൺ 23 മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചു.
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സമരപരിപാടികൾ പ്രഖ്യാപിച്ചത്. കൗൺസിലറെ പുറത്താക്കാനുള്ള നടപടി വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണസമിതി വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഒരു മാസത്തിൽ കുറഞ്ഞത് ഒരു കൗൺസിൽ യോഗമെങ്കിലും ചേരണമെന്നതാണ് നിലവിലെ ചട്ടമെന്നും, യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു.
ജൂൺ 23നകം നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധ മാർച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി. ശിവൻകുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എസ്.പി. ദീപക്, ടി.എൻ. സീമ, രാഖി രവികുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.














Leave a Reply