തിരുവനന്തപുരം: സർക്കാർ മാറിയിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇടത് അനുകൂല സ്വാധീനം തുടരുന്നതായുള്ള ആരോപണങ്ങൾ സർക്കാരിന് തലവേദനയാകുന്നു. നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളും ഇടത് അനുകൂല താൽപര്യങ്ങൾക്ക് അനുസൃതമായാണെന്ന പരാതികളാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിനോട് അതൃപ്തി അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദങ്ങൾക്ക് പിന്നാലെ പി.എസ്. പ്രശാന്തിന് പകരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചിരുന്നു. സർക്കാർ മാറിയിട്ടും അതേ ഭരണസമിതിയാണ് തുടരുന്നത്. ഇതിനിടെയാണ് ബോർഡിലെ നിയമന-സ്ഥലംമാറ്റ നടപടികൾ വീണ്ടും വിവാദമാകുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതും, വിജിലൻസ് പരിശോധന നേരിട്ടിരുന്ന ഒരാളെ വിജിലൻസ് ഓഫീസറായി നിയമിച്ചതുമാണ് പ്രധാന ആരോപണങ്ങൾ. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ തസ്തികകളിലേക്കുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിട്ടുണ്ട്.
നിയമിതരായവരിൽ പലരും ഇടത് അനുകൂല സംഘടനാ പ്രവർത്തകരും നേതാക്കളുമാണെന്ന ആരോപണവും ശക്തമാണ്. സീനിയോറിറ്റി മാനദണ്ഡങ്ങൾ ചിലർക്കായി മറികടന്നുവെന്നും, അതേ മാനദണ്ഡം ചൂണ്ടിക്കാട്ടി മറ്റുചിലർക്കുള്ള അവസരങ്ങൾ നിഷേധിച്ചുവെന്നുമാണ് ആക്ഷേപം. കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിലെ സ്ഥാനങ്ങൾ നേടാൻ ശിപാർശകളും സമ്മർദങ്ങളും നിലനിൽക്കുന്നതായും പരാതികളുണ്ട്.
ദേവസ്വം ബോർഡിലെ ചില നിയമനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബോർഡ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സിപിഎം അംഗങ്ങൾ വ്യാപകമായി ഇടപെട്ടുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആരോപണം. ഇക്കാര്യം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ വ്യക്തമാക്കുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരൻ നേരത്തെയും പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരം നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന് ബോർഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.














Leave a Reply