കടൽക്ഷോഭവും ട്രോളിങ് നിരോധനവും ഇരട്ട പ്രഹരം; യു.ഡി.എഫ് സർക്കാർ വാഗ്ദാനം പാലിക്കണം

പരപ്പനങ്ങാടി: ട്രോളിങ് നിരോധനവും മത്സ്യലഭ്യതയിലെ കുറവും കടൽക്ഷോഭവും ഒരേസമയം തിരിച്ചടിയായതോടെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഗൗരവമായി പരിഗണിച്ച് അടിയന്തര സഹായം ഉറപ്പാക്കണമെന്ന് തീരദേശ മേഖലകളിൽ നിന്ന് ആവശ്യം ശക്തമാകുകയാണ്.

മാസങ്ങളായി മത്സ്യലഭ്യത കുറഞ്ഞ സാഹചര്യത്തിൽ തൊഴിൽ അവസരങ്ങൾ തന്നെ ഇല്ലാതായിരിക്കുകയാണ്. ട്രോളിങ് നിരോധനം കൂടി നിലവിൽ വന്നതോടെ നിരവധി കുടുംബങ്ങൾ ഉപജീവന മാർഗം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിയെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടബാധ്യതകളുമായി തീരത്ത് തുടരുകയാണ്.

ട്രോളിങ് നിരോധന കാലത്ത് ചെറുവള്ളങ്ങൾ ഉപയോഗിച്ച് 12 നോട്ടിക്കൽ മൈൽ വരെ മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ശക്തമായ കടൽക്ഷോഭവും വലകൾ നശിപ്പിക്കുന്ന കടൽജീവികളുടെ ശല്യവും കാരണം അതും ഫലപ്രദമാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് ട്രോളിങ് നിരോധന കാലയളവിൽ ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5,000 രൂപ ധനസഹായം നൽകുമെന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നത്. തീരദേശ ജനത മാത്രമല്ല, യു.ഡി.എഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളും ഈ വാഗ്ദാനം ഉടൻ പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതനവർധന ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടപ്പാക്കിയതുപോലെ, ഉപജീവന പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്കും സർക്കാർ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശ കുടുംബങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *