രണ്ടാം പിണറായി സർക്കാരിനെതിരായ ജനവികാരം തിരിച്ചടിയായി; സി.പി.ഐ വിലയിരുത്തൽ

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് വിലയിരുത്തുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ എന്നിവയും തോൽവിക്ക് കാരണമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. താഴെത്തട്ടിലെ ഘടകങ്ങളിൽ നടന്ന വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. നാളത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം റിപ്പോർട്ട് അന്തിമമാക്കും.

സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി പ്രതികരിച്ച മുതിർന്ന നേതാവ് കെ.ആർ. ചന്ദ്രമോഹനെതിരെ നടപടി സ്വീകരിക്കാനും സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. അദ്ദേഹത്തെ ശാസിക്കാനാണ് നിലവിലെ തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന സംസ്ഥാന കൗൺസിലിൽ കൈക്കൊള്ളും.

അതേസമയം, സി.പി.എം സംഘടനാ റിപ്പോർട്ടിൽ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചതായി വിലയിരുത്തുന്നു. പാർട്ടിക്കകത്തെ വിഭാഗീയത പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചതായും ഇത് വോട്ട് ചോർച്ചയ്ക്ക് ഇടയാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ല കമ്മിറ്റി ശിപാർശ ചെയ്ത പേരുകൾക്ക് അംഗീകാരം നൽകിയ ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂർ, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലെ മുൻ നേതാക്കൾ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ചതും പാർട്ടിക്കെതിരായ പ്രചാരണങ്ങൾക്ക് ശക്തി പകർന്നതായി വിലയിരുത്തലിലുണ്ട്. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചതിലൂടെ ബി.ജെ.പിക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടുവെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾക്കും ഉപജീവന ബുദ്ധിമുട്ടുകൾക്കും ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽ നിന്ന് അകറ്റിയെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ പഴയ വിഭാഗീയതയുടെ സ്വാധീനവും ചില പ്രവർത്തകരുടെ സമീപനവും പ്രകടമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *