കണ്ണൂർ: സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്നാരോപിച്ച് കണ്ണൂർ മേയർ പി. ഇന്ദിര പ്രതിഷേധവുമായി രംഗത്ത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണിനും മേയർ പരാതി നൽകി.
സ്ത്രീകൾക്ക് വേണ്ടി സർക്കാർ നടപ്പാക്കിയ പ്രധാന പദ്ധതിയുടെ ഉദ്ഘാടനത്തിൽ വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് പി. ഇന്ദിരയുടെ ആരോപണം. കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ മനഃപൂർവം അവഗണിച്ചോയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങ് കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷയായിരുന്നു.
ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ബഹിഷ്കരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും, ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനാലാണ് ഹാജരാകാതിരുന്നതെന്നും മേയർ വിശദീകരിച്ചു. സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് മേയറുടെ ആവശ്യം.














Leave a Reply