തിരുവനന്തപുരം: ‘എൽ.ഡി.എഫ് അല്ലാതെ മാറ്റാരുണ്ട്’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ച സ്വാധീനം സൃഷ്ടിച്ചില്ലെന്നും മറിച്ച് മറ്റൊരു ബോധമാണ് രൂപപ്പെടുത്തിയതെന്നും മുൻമന്ത്രി പി. രാജീവ് പറഞ്ഞു. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പ് തോൽവികളെ തുടർന്ന് പാർട്ടിയിൽ നടന്ന ആത്മപരിശോധനയിലാണ് ഇത്തരമൊരു വിലയിരുത്തൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും പി. രാജീവ് അഭിപ്രായപ്പെട്ടു. ഇത്തരം അനുഭവങ്ങളിൽ നിന്ന് ഭാവിയിൽ എങ്ങനെ ഇടപെടണമെന്ന് പാർട്ടി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനാ സാങ്കേതികത്വങ്ങൾ മാത്രം പരിഗണിക്കാതെ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉയർന്നതായി അദ്ദേഹം പറഞ്ഞു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീലാക്കിയതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തുടർഭരണം ഉറപ്പാണെന്ന ധാരണ പാർട്ടിക്കുണ്ടായിരുന്നുവെന്നും എന്നാൽ ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും ഉപജീവന പ്രതിസന്ധികളും വേണ്ടത്ര അഭിമുഖീകരിക്കാൻ സാധിക്കാത്തത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലും ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പ് രൂപപ്പെട്ടിരുന്നുവെന്നും ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എന്നിവയും തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.എം സംഘടനാ റിപ്പോർട്ടിലും സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകളും പാർട്ടിക്കകത്തെ വിഭാഗീയതയും വോട്ടുചോർച്ചയ്ക്ക് വഴിവെച്ചതായി വിലയിരുത്തുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉണ്ടായ പോരായ്മകൾ ജനങ്ങളെ മുന്നണിയിൽ നിന്ന് അകറ്റിയെന്ന ആത്മപരിശോധനയാണ് വിവിധ ഇടതുപക്ഷ ഘടകങ്ങളിൽ ഉയർന്നുവരുന്നത്.














Leave a Reply