ആരോപണവിധേയരുടെ നിയമനം ചർച്ചയാകും; ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ-നിയമന പട്ടികയെ ചൊല്ലിയ വിവാദങ്ങൾക്കിടെ ബോർഡിന്റെ നിർണായക യോഗം ഇന്ന് ചേരും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണവിധേയരായ ഉദ്യോഗസ്ഥരെയും പ്രധാന തസ്തികകളിൽ നിയമിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ നൽകിയ കത്ത് യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചന.

കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും നിയമനങ്ങളെ ചോദ്യം ചെയ്ത് പരാതി നൽകിയിട്ടുണ്ട്. ഇതോടെ വിവാദമായ നിയമനങ്ങളിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ ഇതിനകം പുതിയ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവ് തിരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.

സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിലപാടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ബോർഡിലെ രണ്ട് ഇടത് അംഗങ്ങളുടെ നിലപാടും ഇന്നത്തെ തീരുമാനത്തിൽ നിർണായകമാകും.

പരാതികളിൽ ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ ഇന്നത്തെ യോഗത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ രാഷ്ട്രീയമായും ഭരണപരമായും വലിയ പ്രാധാന്യം നേടും.

Leave a Reply

Your email address will not be published. Required fields are marked *