മഹ്മൂദ് അബൂനദ; ഖത്തറിന്റെ അഭിമാനം ഈ കൈകളിൽ ഭദ്രം

ദോഹ: ഖത്തർ ഫുട്ബാളിൽ മഹ്മൂദ് അബൂനദ എന്ന പേര് കേട്ട് തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ തികയുന്നതെയുള്ളൂ. എന്നാൽ ലോകകപ്പ് വേദിയിൽ ഒറ്റ ദിവസം കൊണ്ട് തന്റെ പേര് കുറിച്ചിരിക്കുകയാണ് ഈ ഖത്തരി ​ഗോൾകീപ്പർ. ലോകകപ്പ് വേദിയിൽ മാൻ ഓഫ് ദി മാച്ചാകുന്ന ആദ്യ ഖത്തരി താരമായിരിക്കുകണ് അബൂനദ.

സ്വിറ്റ്സർലൻഡിന് എതിരെ പൊരുതി നേടിയ സമനിലയിൽ അബൂനദയുടെ പങ്ക് ചെറുതല്ല, 7 വിലപ്പെട്ട സേവുകളാണ് അദ്ദേഹം നടത്തിയത്. ​ഗോൾവലക്ക് മുന്നിൽ ഈ 26കാരൻ ഇല്ലായിരുന്നെങ്കിൽ കുറഞ്ഞത് നാല് ​ഗോളെങ്കിലും സ്വിറ്റ്സർലൻ‌ഡ് ആദ്യ പുകുതിയിൽ തന്നെ നേടിയേനെ.

മികച്ച ഫോമിലുള്ള ഖത്തറിന്റെ ഒന്നാം നമ്പർ ​ഗോളി മിഷാൽ ബർഷമിന് പകരമായി ഈ അടുത്തിടെ മാത്രമാണ് അബൂനദ ആദ്യ ലൈനപ്പിൽ ഇടംപിടിച്ച് തുടങ്ങിയത്. ഖത്തറിന്റെ പുതിയ പരിശീലകൻ ഹൂലൻ ലോപ്റ്റെ​ഗി അബൂനദയിൽ വിശ്വാസം അർപ്പിച്ച് നിരന്തരം താരത്തെ പരീക്ഷിച്ചു. പരിശീലനത്തിലും അവസരം ലഭിച്ച മത്സരങ്ങളിലും മികച്ച പ്രകടനത്തിലൂടെ ബർഷാമിനെ മറികടന്ന് അബുനാദ ഖത്തറിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി മാറി. ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെയും സന്നാഹ മത്സരങ്ങളിലെയും മികച്ച പ്രകടനവും അബൂനദക്ക് അനൂകൂലമായി. ഖത്തർ ക്ലബ് അൽ റയ്യാനെ ക്യു.എസ്.എൽ കപ്പ്, ഗൾഫ് ക്ലബ് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ നേടാൻ സഹായിച്ച തകർപ്പൻ ഫോമിന്റെ കരുത്തിലാണ് ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നത്. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ‘ബെസ്റ്റ് ഗോൾകീപ്പർ ഓഫ് ദി സീസൺ’ പുരസ്കാരവും അബൂനദ ഈ വർഷം സ്വന്തമാക്കി.

2019ൽ അൽ അറബി ക്ലബ്ബിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്നുവന്ന അബൂനദ 2025 ജൂലൈയിലാണ് അൽ-റയ്യാനിലേക്ക് ചേക്കേറിയത്. 2020ൽ തന്റെ 20ാം വയസ്സിൽ ആദ്യമായി ഖത്തർ ദേശീയ കുപ്പായം അണിഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളാണെന്ന് അബൂനദ അഭിമുഖങ്ങളിൽ എപ്പോഴും പറയാറുണ്ട്. ഫല്സീനി കുടുംബമാണെങ്കിലും ദോഹയിലാണ് അബൂനാദാ ജനിച്ചതും വളർന്നതുമെല്ലാം. കഴിഞ്ഞ വർഷം പിതാവ് മരണപ്പെട്ട അബൂനദ അദ്ദേഹത്തിന്റെ ഓർമകളിൽ വിതുമ്പാത്ത ദിനങ്ങളില്ല. ഈ നേട്ടത്തിന്റെ നിമിഷങ്ങളിൽ പിതാവ് ഒപ്പമുണ്ടാകാനായിരിക്കും അയാൾ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *