പ്രവാസികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെ ആനുകൂല്യങ്ങൾ; നോർക്ക ഐഡി കാർഡ് കാമ്പയിൻ ജൂൺ 15 മുതൽ

ദോഹ: കേരള സർക്കാറിന്റെ പ്രവാസി മലയാളി ക്ഷേമ ഏജൻസിയായ നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡുകളുടെ വിതരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനും അവയെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുന്നതിനുമായി പ്രത്യേക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെയാണ് കാമ്പയിൻ നടക്കുകയെന്ന് നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. പ്രവാസികൾക്കും വിദേശത്തുനിന്ന് മടങ്ങിയെത്തിയവർക്കും വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഈ കാർഡുകൾ പ്രധാന പങ്കുവഹിക്കുന്നതാണ്.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കായി 2008-ലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കായി 2012-ലുമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് പദ്ധതി ആരംഭിച്ചത്. മൂന്ന് വർഷ കാലാവധിയുള്ള ഈ കാർഡിന്റെ ഭാഗമായി എൻ.ആർ.കെ ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് അംഗങ്ങൾക്ക് അപകടമരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും അപകടത്തെ തുടർന്ന് സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യം ഉണ്ടായാൽ പരമാവധി രണ്ട് ലക്ഷം രൂപവരെയും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നോർക്ക സെന്ററുകൾ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം പാസ്‌പോർട്ട്, വിസ എന്നിവയുടെ പകർപ്പുകളും നിശ്ചിത ഫീസും നൽകണം.

ഇതുകൂടാതെ, വിദേശ രാജ്യങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ‘നോർക്ക പ്രവാസി രക്ഷ’ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ‘നോർക്ക കെയർ’ എന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

സാധുവായ നോർക്ക പ്രവാസി ഐഡി കാർഡുള്ള പ്രവാസി കേരളീയർ, വിദേശത്ത് പഠിക്കുന്ന സ്റ്റുഡന്റ് ഐഡി കാർഡുള്ള മലയാളി വിദ്യാർഥികൾ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന എൻ.ആർ.കെ ഐഡി കാർഡുടമകൾ എന്നിവർക്ക് പദ്ധതിയിൽ അംഗമാകാം. കഴിഞ്ഞ വർഷം നവംബർ ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്.

നോർക്ക കെയർ പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യതയും സമയപരിധി കാരണം നിരവധി പേർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്നതും പരിഗണിച്ച് ‘നോർക്ക കെയർ പ്ലസ്’ എന്ന വിപുലീകരിച്ച പദ്ധതിയും അവതരിപ്പിച്ചിരുന്നു. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് എന്നീ പദ്ധതികളിലായി 1.70 ലക്ഷം പ്രവാസികൾ അംഗങ്ങളായതിലൂടെ ഏകദേശം 15 ലക്ഷം പ്രവാസി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി നോർക്ക അധികൃതർ അറിയിച്ചു. വിവിധ മലയാളി സംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *