അഞ്ചുവർഷത്തെ വിലക്ക് പിൻവലിച്ച് സൗദി; ലെബനൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനരാരംഭിക്കും

റിയാദ്: അഞ്ചുവർഷമായി നിലനിന്നിരുന്ന ഇറക്കുമതി വിലക്ക് അവസാനിപ്പിച്ച് ലെബനനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വീണ്ടും ആരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനായി ലെബനൻ സ്വീകരിച്ച നടപടികൾ വിലയിരുത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനം.

2021-ൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ലെബനനിൽ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

സർക്കാർ സ്ഥാപനങ്ങളുടെ പുനർനിർമാണം, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തൽ, അനധികൃത കടത്ത് തടയൽ തുടങ്ങിയ മേഖലകളിൽ ലെബനൻ സർക്കാർ കൈക്കൊണ്ട നടപടികൾ പരിഗണിച്ചാണ് വിലക്ക് പിൻവലിക്കാൻ സൗദി തീരുമാനിച്ചത്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഇറക്കുമതി പുനരാരംഭിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തീരുമാനം അറിയിക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ലെബനൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാമുമായി ടെലിഫോണിൽ സംസാരിച്ചു. ലെബനന്റെ സ്ഥിരതയ്ക്കും വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണ അദ്ദേഹം സംഭാഷണത്തിനിടെ ആവർത്തിച്ചു.

വിലക്ക് പിൻവലിച്ചതോടെ ലെബനന്റെ കാർഷിക കയറ്റുമതി മേഖലയ്ക്കും ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾക്കും പുതിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *