സുഗതനെ പുറത്താക്കണം; ജൂൺ 23 മുതൽ അനിശ്ചിതകാല സമരമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സമരം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാത്ത പക്ഷം ജൂൺ 23 മുതൽ എൽഡിഎഫ് കൗൺസിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലാണ് സമര പ്രഖ്യാപനം നടന്നത്. കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് എൽഡിഎഫ് ആരോപണം.

ജൂൺ 23 വരെ കാത്തിരിക്കുമെന്നും അതിനകം സുഗതനെതിരായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷവും ജനകീയ സമരങ്ങളിൽ നിന്ന് എൽഡിഎഫ് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത കെ.എൻ. ബാലഗോപാൽ, കാപ്പാ കേസിലെ പ്രതിയെ പിന്തുണച്ചതായി ആരോപിച്ച് മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ വിമർശിച്ചു. ബി.ജെ.പിയിൽ ചേർന്നശേഷം അവരുടെ നിലപാടുകളിൽ വലിയ മാറ്റമുണ്ടായതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണത്തെ വിമർശിച്ച ബാലഗോപാൽ, എൽഡിഎഫിന് ചെറിയ ഭൂരിപക്ഷ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായതെന്നും ഓർമിപ്പിച്ചു.

സുഗതനെ ഉൾപ്പെടുത്തി കൗൺസിൽ യോഗം വിളിക്കരുതെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അത്തരമൊരു നീക്കം ഉണ്ടായാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോർപ്പറേഷൻ ഓഫീസുകളിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *