എറണാകുളം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. പദ്ധതി ഭരണഘടനയിലെ സമത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഭരണഘടനയുടെ 14, 15(1) അനുച്ഛേദങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വരുമാനം, സാമൂഹിക സാഹചര്യം, ക്ഷേമപരമായ മാനദണ്ഡങ്ങൾ എന്നിവ പരിഗണിക്കാതെ ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം.
ഉയർന്ന വരുമാനമുള്ള സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുമ്പോൾ കുറഞ്ഞ വരുമാനമുള്ള പുരുഷ യാത്രക്കാർക്ക് ടിക്കറ്റ് വാങ്ങേണ്ട സാഹചര്യം സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ലിംഗാടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് വിവേചനപരമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്താതെ തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ ഉത്തരവായി നടപ്പാക്കിയതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഗതാഗത മന്ത്രി പി.സി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിനൊപ്പം വിവിധ ജില്ലകളിലും പദ്ധതിയുടെ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
എറണാകുളം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് അഡ്വ. ഷമീം അഹമ്മദിലൂടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.














Leave a Reply