തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ. ഇത്തരക്കാരെ നിർണായക ചുമതലകളിൽ നിയമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയതായി മന്ത്രി അറിയിച്ചു.
സ്വർണക്കൊള്ള കേസിൽ ആരോപണം നേരിടുന്നവരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവുകൾ നടപ്പാക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, ഉത്തരവുകൾ പിൻവലിക്കാത്ത പക്ഷം ബോർഡിനും കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുണ്ടെന്ന ധാരണ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചതിന് ശേഷമേ സർക്കാരിന് കൂടുതൽ ഇടപെടാൻ കഴിയൂവെന്ന് മന്ത്രി വ്യക്തമാക്കി. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന് തോന്നിയാൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ശബരിമലയിൽ പരിശോധന നടത്തി. പ്രഭാമണ്ഡലത്തിൽ നിന്നടക്കമുള്ള വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ച ശേഷമാണ് എസ്ഐടി വീണ്ടും പരിശോധന നടത്തിയത്. കോടതിയുടെ അനുമതിയില്ലാതെ സ്വർണപാളികൾ സ്മാർട്ട് ക്രിയേഷനിലേക്ക് മാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് അന്വേഷണ സംഘം നോട്ടീസ് നൽകി.
ബോർഡിന്റെ മുൻ അംഗമായിരുന്ന അജികുമാറിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരോടും അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. 2025-ലെ ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.














Leave a Reply