ന്യൂഡൽഹി: രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ആശങ്കാജനകമാണെന്ന് ആരോപിച്ച് ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ബിജെപിയെപ്പോലുള്ള ഒരു പാർട്ടിയെ നിരോധിക്കുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെയാണ് ഗെഹ്ലോട്ട് ഈ പരാമർശം നടത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയെ നേരിടാൻ ‘ഇന്ത്യ’ സഖ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും, അതിന്റെ നേതൃത്വം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിൽ നിന്ന് വേർപെട്ട് പ്രാദേശിക പാർട്ടികളായി മാറിയ നേതാക്കളും സംഘടനകളും പഴയ ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് പിന്നിൽ അണിനിരക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. അത്തരമൊരു സന്ദേശം രാജ്യത്തുടനീളം എത്താൻ കഴിഞ്ഞാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി പ്രതിസന്ധികൾ കണ്ടിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിന് സമാനമായ അന്തരീക്ഷം മുമ്പ് അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ധ്രുവീകരണ രാഷ്ട്രീയത്തിലൂടെയാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും അത് രാജ്യത്തിന്റെ സാമൂഹിക അടിത്തറയെ ബാധിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള രാഷ്ട്രീയ മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാമെന്നും അശോക് ഗെഹ്ലോട്ട് വിലയിരുത്തി.





Leave a Reply