ബഹ്‌റൈനിൽ ഉച്ചസമയത്തെ ജോലി നിരോധനം നാളെ മുതൽ

മനാമ: ബഹ്‌റൈനിൽ വേനൽക്കാലത്തെ ഉച്ചസമയത്തെ ജോലി നിരോധനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി നടപ്പാക്കുന്ന നിയന്ത്രണം ആഗസ്റ്റ് 31 വരെ തുടരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഉത്തരവ് പ്രകാരം ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ അനുവദിക്കില്ല. ഉയർന്ന താപനിലയും ഈർപ്പവും മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ, സൂര്യാഘാതം, തൊഴിൽസ്ഥല അപകടങ്ങൾ എന്നിവ ഒഴിവാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം.

നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബോധവത്കരണ പരിപാടികളും പരിശീലന ശിൽപ്പശാലകളും സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സൂപ്പർവൈസർമാർക്കും പ്രത്യേക പരിശീലനം നൽകുകയും ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊഴിൽ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 17873921-ൽ അറിയിക്കാം. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ പരാതികൾ സ്വീകരിക്കും.

നിരോധനം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മൂന്ന് മാസം വരെ തടവോ 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. നിയമലംഘനത്തിൽ ബാധിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതനുസരിച്ച് ശിക്ഷയുടെ തോതും വർധിക്കും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ശിക്ഷ ഇരട്ടിയാക്കുമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *