യാത്രാ ശീലങ്ങളിൽ മാറ്റം; യൂറോപ്പിന് പകരം സമീപരാജ്യങ്ങളിലേക്ക് ബഹ്‌റൈൻ സഞ്ചാരികൾ

മനാമ: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈൻ സ്വദേശികൾ വേനൽക്കാല യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുന്നതായി ട്രാവൽ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. ദീർഘദൂര യാത്രകൾക്കുപകരം സുരക്ഷിതവും എളുപ്പത്തിൽ എത്തിച്ചേരാനാകുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഇപ്പോൾ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഫലമായി യൂറോപ്പിലേക്കും കിഴക്കൻ ഏഷ്യയിലേക്കുമുള്ള യാത്രാ ആവശ്യത്തിൽ ഏകദേശം 40 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിന് പകരമായി ഒമാനിലെ സലാല, സൗദി അറേബ്യയിലെ അസീർ, അബഹ, ജിസാൻ, നജ്‌റാൻ, അൽ ബഹ തുടങ്ങിയ പ്രദേശങ്ങൾ ബഹ്‌റൈൻ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കാക്കസസ് മേഖലയിലെ അസർബൈജാൻ, ജോർജിയ എന്നിവയ്ക്കും മധ്യേഷ്യയിലെ ഉസ്ബക്കിസ്താൻ പോലുള്ള രാജ്യങ്ങൾക്കും ആവശ്യകത വർധിച്ചിട്ടുണ്ട്. വിസ നടപടികളുടെ ലാളിത്യവും അനുയോജ്യമായ കാലാവസ്ഥയും കാരണം ബോസ്നിയയും ഹെർസഗോവിനയും, അൽബേനിയയും ഈ വർഷം കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

യാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ട്രാവൽ ഏജൻസികൾ പ്രത്യേക പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ യാത്ര റദ്ദാക്കേണ്ടി വന്നാൽ മുഴുവൻ തുകയും തിരികെ ലഭിക്കുന്ന ഫ്ലെക്സിബിൾ ബുക്കിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം, പ്രവർത്തനച്ചെലവ് വർധിച്ചതിനെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിട്ടുണ്ട്. ചില വിമാനക്കമ്പനികൾ ഒരു ടിക്കറ്റിന് 50 ഡോളർ വരെ അധിക ഫീസ് ഈടാക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടൽ നിരക്കുകൾ പൊതുവേ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

ടിക്കറ്റ് ബുക്കിംഗിൽ മാത്രം ഒതുങ്ങാതെ പ്രാദേശിക അനുഭവങ്ങളും സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തിയ സമഗ്ര യാത്രാ പാക്കേജുകൾക്ക് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. യാത്ര എന്നത് വെറും ആഡംബരമല്ല, ജീവിതാനുഭവങ്ങളുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യങ്ങൾക്കിടയിലും പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും പരിചയപ്പെടാനുള്ള താൽപ്പര്യം ആളുകളിൽ ശക്തമായി തുടരുകയാണെന്നും ട്രാവൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *