കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള തുടർച്ചയായ ആക്രമണം; അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധവുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിഷയത്തിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിലേക്ക് (ഐ.സി.എ.ഒ) കുവൈത്ത് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (പി.എ.സി.എ) മൂന്നാം തവണയും ഔദ്യോഗിക പ്രതിഷേധക്കത്ത് കൈമാറി. വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടന്നതായി റിപ്പോർട്ട് ചെയ്ത ഏറ്റവും പുതിയ ആക്രമണത്തെ തുടർന്നാണ് നടപടി.

ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങൾക്കും എയർ ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ചിലർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്.

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് കത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാർക്കും വിമാന ജീവനക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഇത്തരം നടപടികൾ നേരിട്ടുള്ള സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമമേഖലയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ഭാവിയിൽ സമാന ആക്രമണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കുവൈത്ത് ഐ.സി.എ.ഒയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ നടപടികൾ തുടരുമെന്നും കുവൈത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *