വിജയ് നാളെ മൂകാംബിക ക്ഷേത്രത്തിൽ

മംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർത്ഥന നടത്തും. ഉച്ച 12.30ന് പ്രത്യേക വിമാനത്തിൽ വിജയ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് മാർഗം കൊല്ലൂരിലേക്ക് പോയി ക്ഷേത്രം സന്ദർശിക്കും.

ക്ഷേത്രദർശനവും പ്രാർത്ഥനകളും പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം മംഗളൂരുവിലേക്ക് മടങ്ങുകയും ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പോകുകയും ചെയ്യും. സന്ദർശനത്തോടനുബന്ധിച്ച്, തമിഴ്‌നാട് സിഐഡി സുരക്ഷാ വിഭാഗം കർണാടക പൊലീസിൽ നിന്ന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ തേടിയിട്ടുണ്ട്. വിജയ്‌ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.

വഴിയിൽ ധാരാളം ആരാധകരും അനുയായികളും ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷ, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം എന്നിവക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൂകാംബിക വന്യജീവി സങ്കേതം, സൗപർണിക നദി മേഖല, ഇടതൂർന്ന വനപ്രദേശങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന കൊല്ലൂരിലേക്കുള്ള പാതയിൽ അധികൃതർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. പൊലീസുമായി ഏകോപിപ്പിച്ച് വഴി നിരീക്ഷിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സന്ദർശനത്തിന് മുന്നോടിയായി മുതിർന്ന പൊലീസും ജില്ലാ ഭരണകൂടവും സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *