ഇസ്ലാമാബാദ്: ബോളിവുഡിലും പാകിസ്താനി സിനിമകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന പ്രശസ്ത പാക് സൂപ്പർതാരം മാഹിറ ഖാൻ മലയാള സിനിമയോടുള്ള തന്റെ കടുത്ത ആരാധന തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുക്കുന്നത്.
മലയാള സിനിമകൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മികച്ച ഒരു തിരക്കഥ ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് താരം വെളിപ്പെടുത്തിയത്. ഉള്ളടക്കത്തിന്റെ കാര്യത്തിൽ തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകളാണ് മലയാളത്തിലേതെന്നാണ് മാഹിറ ഖാന്റെ പക്ഷം.
ഏഷ്യൻ കൾച്ചർ വൾച്ചർ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താരത്തിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഒരു ഷൂട്ടിങ് സെറ്റിൽ കാമറ ക്രൂവുമായി സംസാരിക്കുന്നതിനിടയിലാണ് സംഭവം. ഷൂട്ടിങ്ങിനിടയിൽ ക്രൂവിലെ ഒരംഗം താൻ ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണെന്നും മലയാളമാണ് സംസാരിക്കുന്നതെന്നും മാഹിറയോട് പറയുകയായിരുന്നു. ഇതുകേട്ടയുടൻ തന്നെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം പ്രതികരിച്ചത്.
‘എനിക്ക് മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണ്. എപ്പോഴെങ്കിലും ഒരു മലയാളം സിനിമയിൽ അഭിനയിക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്. ഉള്ളടക്കത്തിന്റെ കാര്യത്തിൽ തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകളാണ് മലയാളത്തിൽ ഉണ്ടാകുന്നത്. എന്റെ പ്രിയപ്പെട്ട സിനിമാ ഇൻഡസ്ട്രികളിൽ ഒന്നാണത്’ മാഹിറ ഖാൻ പറഞ്ഞു. നിലവിൽ ഔദ്യോഗികമായി സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മലയാള സിനിമയോടുള്ള മാഹിറയുടെ ഈ പരസ്യമായ പ്രശംസ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായി ‘റയീസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാഹിറ ഖാൻ, പാകിസ്താനിലെ ഏറ്റവും വലിയ ജനപ്രിയ താരങ്ങളിൽ ഒരാളാണ്. ശക്തമായ കഥപറച്ചിൽ രീതി കൊണ്ടും, യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന അഭിനയമുഹൂർത്തങ്ങൾ കൊണ്ടും, വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും ഇന്ത്യൻ സിനിമയിൽ തന്നെ മുൻപന്തിയിലാണ് മലയാള സിനിമയെന്ന് സിനിമാപ്രേമികൾ കാലങ്ങളായി പറയുന്ന കാര്യമാണ്. ഇപ്പോൾ ഒരു വിദേശ സൂപ്പർതാരം കൂടി മലയാള സിനിമയുടെ കരുത്തിനെ പ്രശംസിച്ചതോടെ മലയാളി സിനിമാ ആരാധകരും ആവേശത്തിലാണ്.
















Leave a Reply