രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പാലക്കാട് അട്ടപ്പാടിയിലായിരുന്നു നടന്നത്. തുടർന്ന് കോഴിക്കോടും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. മലയാള നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ഇതിനകം വിറ്റുപോയെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ആമസോൺ പ്രൈം വീഡിയോയാണ് ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് മുമ്പുതന്നെ ഏകദേശം 160 കോടി രൂപയുടെ കരാർ നടന്നതായും ഇത് തമിഴ് സിനിമയിലെ ഏറ്റവും ഉയർന്ന ഒടിടി ഡീലുകളിൽ ഒന്നായിരിക്കാമെന്നും സൂചനകളുണ്ട്.
ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ സെപ്റ്റംബർ 10 അല്ലെങ്കിൽ 11 തീയതികളിലൊന്നിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ വിവരങ്ങൾ. അതേസമയം, ബോളിവുഡ് താരം ഹൃത്വിക് റോഷനും ചിത്രത്തിന്റെ ഭാഗമാകുമെന്ന പ്രചാരണമുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2, 2023ൽ പുറത്തിറങ്ങി വൻ വിജയമായ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ആദ്യ ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് വീണ്ടും എത്തുന്നത്. ആദ്യഭാഗം ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലധികം രൂപ നേടിയതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ആരാധകർക്കിടയിൽ വർധിച്ചിരുന്നു. 2026 ജനുവരി 14ന് പുറത്തിറങ്ങിയ പ്രൊമോ വീഡിയോയിലൂടെയായിരുന്നു രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ആദ്യഭാഗത്തെ പോലെ തന്നെ ശക്തമായ ആക്ഷൻ രംഗങ്ങൾ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ചർച്ചകളിലൊന്ന് മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം രണ്ടാം ഭാഗത്തും ഉണ്ടാകുമോയെന്നതാണ്. മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുമെന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്.
അതേസമയം, രജനികാന്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം കൂലി ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നാഗാർജുന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ആമിർ ഖാനും അതിഥി വേഷത്തിൽ എത്തിയിരുന്നു.
















Leave a Reply