ടോളിവുഡിലെ ശ്രദ്ധേയ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം നൽകിയ വാഗ്ദാനം പാലിച്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഗ്രഹപ്രവേശന ചടങ്ങിനിടെ പ്രദേശത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒമ്പതും പത്തും ക്ലാസുകളിൽ മികച്ച വിജയം നേടിയ 180 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിച്ചത്. വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ട് മേഖലയിലെ 44 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.
സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ സ്കൂൾ ഫീസ് സമയബന്ധിതമായി അടയ്ക്കുന്നതിനും പഠനത്തിനാവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്നതിനും സഹായം നൽകുമെന്ന് സംഘാടകർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
തുമ്മൻപെട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നേരിട്ട് പങ്കെടുത്തു. അർഹരായ വിദ്യാർത്ഥികൾക്ക് ഇരുവരും ചേർന്ന് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട 180 വിദ്യാർത്ഥികളുടെ പേരുകൾ ഉൾപ്പെട്ട പട്ടിക വിജയ് ദേവരകൊണ്ട തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതും ശ്രദ്ധ നേടി. വിദ്യാഭ്യാസ മേഖലയിലേക്ക് താരദമ്പതികൾ നൽകുന്ന പിന്തുണയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
















Leave a Reply