കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോമിനെതിരെ കൂടുതൽ മൊഴികൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടരുന്നു. കേസുമായി ബന്ധപ്പെട്ട് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടിയുമായ നീന കുറുപ്പിന്റെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തി.
നീന കുറുപ്പിന്റെ വസതിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അൻസിബ സംഘടനയ്ക്ക് നൽകിയ പരാതിയോട് സമാനമായ പരാതി നേരത്തേ നീന കുറുപ്പും അമ്മ എക്സിക്യൂട്ടീവിന് നൽകിയിരുന്നു. കുടുംബസംഗമത്തിനിടെ ഉണ്ടായ ചെറിയ തർക്കത്തിന്റെ പേരിൽ അൻസിബയോട് ടിനി ടോം മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യ പരാമർശങ്ങൾ നടത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
ടിനി ടോമിനെതിരെ താൻ മൊഴി നൽകിയതായി പിന്നീട് നീന കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അൻസിബ ഹസൻ തന്നെ മതംമാറ്റാൻ ശ്രമിച്ചുവെന്ന ടിനി ടോമിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനും പൊലീസിന് മൊഴി നൽകി. ഇതോടെ വിഷയത്തിൽ ഇരുവിഭാഗങ്ങളുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൂടുതൽ ശക്തമായിരിക്കുകയാണ്.
ജൂൺ ഒന്നിനാണ് ടിനി ടോമിനെതിരെ അൻസിബ ഔദ്യോഗിക പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി ടോം ലക്ഷ്യമിടുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും അൻസിബ ആരോപിച്ചിരുന്നു.
ഇതിനിടെ, അൻസിബയ്ക്ക് അമ്മ സംഘടന നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അവർ സമർപ്പിച്ച മറുപടിക്കത്ത് കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരിഗണിച്ചില്ല. ജൂൺ 21-ന് നടക്കാനിരിക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വിഷയം ചർച്ച ചെയ്ത് തുടർനടപടി തീരുമാനിക്കാനാണ് നിലവിലെ ധാരണ.
ജനറൽ ബോഡിക്ക് മുമ്പ് അംഗങ്ങൾക്ക് വാർഷിക റിപ്പോർട്ട് കൈമാറേണ്ട നടപടിക്രമങ്ങളും സംഘടനയിൽ ചർച്ചയാകുന്നുണ്ട്. സംഘടനയുടെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും ജനറൽ ബോഡി യോഗത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
















Leave a Reply