പ്രേക്ഷകരുടെ പ്രിയതാരമായ സൈജു കുറുപ്പ്, നായകനായും സഹനടനായും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടനാണ്. ‘മയൂഖം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അദ്ദേഹം, അടുത്തിടെ പുറത്തിറങ്ങിയ ‘ഭരതനാട്യം’, ‘മോഹിനിയാട്ടം’ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ശ്രദ്ധ നേടി. തിയറ്ററിൽ വലിയ വിജയം നേടാനാകാതിരുന്നെങ്കിലും ‘ഭരതനാട്യ’ത്തിന്റെ തുടർച്ചയായെത്തിയ ‘മോഹിനിയാട്ടം’ പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം സ്വന്തമാക്കി.
ഇപ്പോഴിതാ തന്റെ സ്വഭാവത്തെയും പ്രതികരണശൈലിയെയും കുറിച്ച് തുറന്നുപറയുകയാണ് സൈജു കുറുപ്പ്. എല്ലാറ്റിനുമുപരി സമാധാനപ്രിയനായി ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പല സാഹചര്യങ്ങളിലും പ്രതികരിക്കാതെ മാറിനിൽക്കുന്നതാണ് തന്റെ രീതിയെന്നും താരം പറയുന്നു.
“പ്രതികരണശേഷി എന്ന് പറയുന്ന കാര്യം ഞാൻ നിയന്ത്രിച്ച് വെച്ചിരിക്കുകയാണ്. ആരെങ്കിലും എനിക്ക് ഇഷ്ടമല്ലാത്തത് പറഞ്ഞാൽ, അതിന് മറുപടി പറയുന്നതിനുപകരം ഞാൻ അവിടെ നിന്ന് മാറിനിൽക്കും. അപ്പോൾ അവർക്ക് ഞാൻ നല്ലവനാണെന്ന് തോന്നും. ഞാൻ പാവമായിരിക്കാം, പക്ഷേ പൊട്ടനല്ല. പാവങ്ങളെ ഒരിക്കലും പൊട്ടന്മാരായി കാണരുത്,” സൈജു പറഞ്ഞു.
“എന്റെ ഭാര്യ പോലും ചിലപ്പോഴൊക്കെ ചോദിച്ചിട്ടുണ്ട്, ‘സൈജുവിന് നട്ടെല്ലില്ലേ, അപ്പോൾ തന്നെ പറയേണ്ടതല്ലേ?’ എന്ന്. പക്ഷേ ഞാൻ അങ്ങനെ ചെയ്യാറില്ല. എനിക്ക് സമാധാനമായി ഉറങ്ങണം. ഒരാൾ ഒരു കാര്യം പറയും, ഞാൻ തിരിച്ചൊന്ന് പറയും, പിന്നെ മറ്റൊരാൾ വീണ്ടും പറയും. എന്തിനാണ് വെറുതെ ബിപി കൂട്ടുന്നത്? അതിൽ എന്ത് നേട്ടമാണുള്ളത്? അതുകൊണ്ടാണ് ഞാൻ പലപ്പോഴും മിണ്ടാതിരിക്കാൻ തിരഞ്ഞെടുക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ടീനേജ് കാലം മുതൽ തന്നെ ഈ സമീപനം പിന്തുടരുന്നുണ്ടെന്നും സൈജു വ്യക്തമാക്കി. “ആൾക്കാർക്ക് തോന്നും ഇവന് നട്ടെല്ലില്ലെന്ന്. ശരി, ഇല്ലെന്ന് സമ്മതിച്ചുകൊടുക്കാം. അതുകൊണ്ട് നമുക്ക് എന്താണ് നഷ്ടം? പക്ഷേ കൗമാരകാലത്ത് എനിക്ക് വേണ്ട ബഹുമാനം ലഭിക്കുന്നില്ലെന്നൊരു തോന്നൽ ഉണ്ടായിരുന്നു.”
“പഠനത്തിൽ ഞാൻ അത്ര മികച്ചയാളായിരുന്നില്ല. എന്റെ ചേച്ചി നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ട് താരതമ്യം ചെയ്യുമ്പോൾ ഞാൻ പിന്നിലാണെന്ന തോന്നൽ ഉണ്ടായിരുന്നു. ഒരു പാരന്റ്സ് ഡേയിൽ ഒരാൾ അച്ഛനോട് ‘മകന് ഇത്തവണ സമ്മാനം ഒന്നുമില്ലേ?’ എന്ന് ചോദിച്ചു. അത് അച്ഛനും അമ്മയ്ക്കും ഏറെ വിഷമമായി. അന്ന് മുതൽ ഞാൻ എന്റെ സമീപനം മാറ്റാൻ തുടങ്ങി,” അദ്ദേഹം ഓർത്തെടുത്തു.
“വീട്ടിൽ ആരെങ്കിലും വന്നാൽ, അമ്മ പറയുന്നതിന് മുമ്പ് തന്നെ എന്താണ് കുടിക്കാൻ വേണ്ടതെന്ന് ചോദിക്കുമായിരുന്നു. ആദ്യം അത് മനപ്പൂർവം ചെയ്തതായിരുന്നു. പിന്നീട് അത് എന്റെ സ്വഭാവത്തിന്റെ ഭാഗമായി. ഇന്ന് എന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കൾക്കൊക്കെ എന്നെ വളരെ ഇഷ്ടമാണ്,” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.
















Leave a Reply