48 മണിക്കൂറിനുള്ളിൽ ടൂറിസ്റ്റ് വിസ; ദുബൈ സന്ദർശകർക്കായി പുതിയ സൗകര്യം

ദുബൈ: ദുബൈ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. അന്താരാഷ്ട്ര സന്ദർശകർക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാമെന്നും ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചാൽ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ വിസ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. യാത്രക്കാർക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷകൾ പരിഗണിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. അപേക്ഷകർ വ്യക്തിഗത ഫോട്ടോയും സാധുവായ പാസ്‌പോർട്ടിന്റെ പകർപ്പും സമർപ്പിക്കണം. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ദേശീയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും നിർബന്ധമായിരിക്കും. ആവശ്യമായ രേഖകൾ പൂർണമായാൽ അപേക്ഷകൾ വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും അപേക്ഷ നൽകുന്നതിൽ നിന്ന് ദുബൈയിലെത്തുന്നത് വരെയുള്ള മുഴുവൻ യാത്രാനുഭവവും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ മുൻനിര വിനോദസഞ്ചാര കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടൂറിസം, യാത്രാ മേഖലകളുടെ ആവശ്യങ്ങൾ പരിഗണിച്ചുമാണ് പുതിയ നടപടികൾ നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *