തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകൻ ഭാരതിരാജ വിടവാങ്ങി

ചെന്നൈ: തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകരിൽ ഒരാളായ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. മകനും സംവിധായകനുമായ മനോജിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായിരുന്നുവെന്നാണ് വിവരം.

തമിഴ് ചലച്ചിത്രരംഗത്ത് പുതിയൊരു ദിശ തുറന്ന സൃഷ്ടികർത്താവായിരുന്നു ഭാരതിരാജ. 1977ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെ, സിഗപ്പു റോജാകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കി. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

2020ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’യാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. മോഹൻലാലും തരുൺ മൂർത്തിയും ഒന്നിച്ച ‘തുടരും’ എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററായും അദ്ദേഹം അഭിനയിച്ചിരുന്നു. ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും യാഥാർഥ്യബോധത്തോടെ വെള്ളിത്തിരയിലെത്തിക്കുന്നതിൽ ഭാരതിരാജയ്ക്ക് പ്രത്യേക മികവുണ്ടായിരുന്നു. തമിഴ് സിനിമയെ സ്റ്റുഡിയോ കേന്ദ്രീകൃത അവതരണത്തിൽ നിന്ന് യഥാർത്ഥ ഗ്രാമീണ പശ്ചാത്തലങ്ങളിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിന്റെ സംഭാവന നിർണായകമാണ്.

രാധിക, കാർത്തിക്, രാധ, രേവതി, വിജയശാന്തി തുടങ്ങി നിരവധി അഭിനേതാക്കളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതിരാജയായിരുന്നു. കമലഹാസൻ, രജനീകാന്ത്, ശിവാജി ഗണേശൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങൾക്കും അദ്ദേഹം വഴിയൊരുക്കി. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിലൊരാളായ അദ്ദേഹത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

2024 മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് മകൻ മനോജ് ഭാരതിരാജ അന്തരിച്ചത് അദ്ദേഹത്തെ മാനസികമായി ഏറെ തളർത്തിയിരുന്നു. അതിനുശേഷം ആരോഗ്യനില ക്രമേണ മോശമാവുകയും ചെയ്തു. മകന്റെ വിയോഗം അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മനോജ് ജനിച്ച് ഒരു വർഷത്തിന് ശേഷമാണ് 1977ൽ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെ ഭാരതിരാജ സിനിമാ സംവിധാനരംഗത്തേക്ക് കടന്നുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *