നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ തിരക്കിനെതിരെ മകൻ ചന്ദു പ്രകടിപ്പിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സ്ഥലത്തിന്റെയോ സാഹചര്യത്തിന്റെയോ ഗൗരവം പരിഗണിക്കാതെ, ക്ലിക്ക് ബൈറ്റിനായി മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കൾക്കുപോലും ബുദ്ധിമുട്ടുണ്ടാക്കിയവർക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംവിധായകൻ ലാൽ ജോസും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ നിരവധി പേർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി.
സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ചില ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പെരുമാറ്റം എല്ലാ പരിധികളും ലംഘിച്ചതാണെന്ന് രമേഷ് പിഷാരടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചന്ദു വികാരാധീനനായി പ്രതികരിച്ചതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി”, രമേഷ് പിഷാരടി പറയുന്നു.
സ്വകാര്യതയെ മാനിക്കാതെയുള്ള ഇടപെടലുകളുടെ ഉദാഹരണമായിരുന്നു സംസ്കാര ചടങ്ങിൽ കണ്ട സംഭവമെന്നും പിഷാരടി ചൂണ്ടിക്കാട്ടി. “സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല”. യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് സംവിധാനം കൊണ്ടുവരുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പൊതുപരിപാടികളിൽ ചിത്രീകരണം നടത്തുന്നത് തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദുവിന് ഇത്തരത്തിൽ വൈകാരികമായി പ്രതികരിക്കേണ്ടി വന്ന സാഹചര്യം ഏറെ സങ്കടകരമാണെന്ന് നേരത്തെ ലാൽ ജോസ് പ്രതികരിച്ചിരുന്നു. യുഎഇയിൽ എത്തിയ ലാൽ ജോസ് മലയാളം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. “വ്യക്തിപരമായ സ്പെയ്സ് എന്നത് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസെൻസ് വേണം. നിയമനിർമ്മാണം നടത്തണം. നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു. എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുകയാണ്. അവരുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിക്കുന്ന ഹൂളിഗന്‍സ് ആണ് ഇപ്പോള്‍ ഉള്ളത്”, ലാല്‍ജോസ് പറഞ്ഞിരുന്നു.
















Leave a Reply