കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല കൂടുതൽ ക്രമബദ്ധവും സുതാര്യവുമാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതുക്കിയ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പരിഷ്കരിക്കുകയും ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
പുതിയ ഉത്തരവ് പ്രകാരം ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർക്ക് മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി ഗവർണറേറ്റ് തലത്തിലുള്ള പ്രത്യേക സർക്കുലർ സർവീസ് കേന്ദ്രങ്ങൾ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുക. ഇതിലൂടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
അതേസമയം, വിവിധ കാരണങ്ങളാൽ 27 രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കുവൈത്ത് പൂർണമായും നിരോധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ വിലയിരുത്തലുകളും ശുപാർശകളും പരിഗണിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.
ചില രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് നിയന്ത്രണം ബാധകമാകുന്നത്. നയതന്ത്ര പ്രതിനിധാനങ്ങളുടെ അഭാവം, ഭരണപരമായ സങ്കീർണതകൾ, മറ്റ് നയതന്ത്രപരമായ ഘടകങ്ങൾ എന്നിവയും പുതിയ നയത്തിന് പിന്നിലുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
പരിഷ്കരിച്ച നിർദേശങ്ങൾ രാജ്യത്തെ എല്ലാ റെസിഡൻസി അഫയേഴ്സ് വിഭാഗങ്ങൾക്കും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങൾക്കും കൈമാറിയിട്ടുണ്ടെന്നും ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
















Leave a Reply