ഇറാൻ-ഇസ്രായേൽ സംഘർഷം വീണ്ടും രൂക്ഷം; പശ്ചിമേഷ്യയിൽ അനിശ്ചിതത്വം കനക്കുന്നു

കുവൈത്ത് സിറ്റി: ഇടവേളയ്ക്കുശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ ഗൾഫ് മേഖലയിലാകെ ആശങ്ക വർധിക്കുന്നു. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭീതിയിലാണ് കുവൈത്ത് ഉൾപ്പെടെയുള്ള മേഖലയിലെ ജനങ്ങൾ.

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്–ഇസ്രായേൽ–ഇറാൻ സംഘർഷത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതോടെ ജി.സി.സി രാജ്യങ്ങൾ പ്രതിരോധ നടപടികൾ ശക്തമാക്കുകയും നിരവധി വ്യോമപാതകൾ അടയ്ക്കുകയും ചെയ്തിരുന്നു. വിമാന സർവിസുകൾ തടസ്സപ്പെടുകയും ഹുർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന-ചരക്ക് ഗതാഗത രംഗത്തും വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു.

സംഘർഷത്തിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമണ ഭീഷണിയിലായി. കുവൈത്ത് വിമാനത്താവളവും തുറമുഖ മേഖലയുമടക്കം സുരക്ഷാ ജാഗ്രത ശക്തമാക്കിയിരുന്നു. ഏപ്രിലിൽ യു.എസ്–ഇറാൻ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് മേഖലയിൽ സ്ഥിതി ഭാഗികമായി ശാന്തമായത്.

എന്നാൽ പിന്നീട് കുവൈത്ത് വീണ്ടും ആക്രമണ ഭീഷണികൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. മേയ് 28ന് ശേഷം ഒന്നിലധികം തവണ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കേണ്ട സാഹചര്യം ഉണ്ടായി. ജൂൺ ആദ്യം വിദേശ വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും സുരക്ഷാ ആശങ്കകൾ കാരണം പിന്നീട് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കേണ്ടി വന്നു.

ലബനാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് നിലവിലെ സംഘർഷം വീണ്ടും രൂക്ഷമായത്. ഇതിന് മറുപടിയായി ഇസ്രായേൽ ഇറാനിൽ വ്യാപക ആക്രമണം നടത്തിയെന്നും തുടർന്ന് ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സംഘർഷം അവസാനിപ്പിക്കാൻ വിവിധ രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും തിങ്കളാഴ്ച ഉണ്ടായ പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, ഇസ്രായേലിനെതിരായ സൈനിക നടപടി താൽക്കാലികമായി അവസാനിപ്പിച്ചതായി ഇറാൻ സായുധ സേനാ നേതൃത്വം അറിയിച്ചതും മേഖലയ്ക്ക് ആശ്വാസം പകരുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇരുരാജ്യങ്ങളോടും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ലബനാനെതിരായ സൈനിക നടപടികൾ തുടർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് ഇറാൻ വീണ്ടും ആവർത്തിച്ചതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അതീവ ജാഗ്രതയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *