ഒമാനിൽ കടൽ രക്ഷാദൗത്യങ്ങളുടെ ചുമതല സി.ഡി.എ.എ ഏറ്റെടുക്കും

മസ്കത്ത്: ഒമാനിലെ സമുദ്ര രക്ഷാപ്രവർത്തനങ്ങളുടെ പൂർണ ചുമതല സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ഔദ്യോഗികമായി ഏറ്റെടുത്തു. രാജ്യത്തെ അടിയന്തര പ്രതികരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നടപടി.

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന മാരിടൈം റസ്ക്യൂ സ്റ്റേഷന്റെ പ്രവർത്തനങ്ങളും ചുമതലകളും ഇനി മുതൽ സി.ഡി.എ.എയുടെ കീഴിലായിരിക്കും. സമുദ്ര അപകടങ്ങൾ, കാണാതാകുന്നവർക്കായുള്ള തിരച്ചിൽ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ഏകോപിതമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികാര കൈമാറ്റം നടപ്പാക്കിയത്.

വിദഗ്ധ പരിശീലനം നേടിയ സ്വദേശി രക്ഷാപ്രവർത്തകരും ആധുനിക മെഡിക്കൽ സംഘവും ഉൾപ്പെട്ട പ്രത്യേക യൂണിറ്റുകളുമായാണ് അതോറിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അപകടങ്ങളിൽപ്പെടുന്നവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

കടലിൽ അപകടത്തിൽപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും സുരക്ഷിതമായി ആശുപത്രികളിലെത്തിക്കുന്നതിനുമായി പ്രത്യേക ആംബുലൻസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 24 മണിക്കൂറും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവും ഭരണപരവുമായ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

സമുദ്ര ഗതാഗതം, വിനോദസഞ്ചാരം, മത്സ്യബന്ധനം, മറ്റ് സമുദ്രാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഒരൊറ്റ സംവിധാനത്തിന് കീഴിൽ ഏകോപിപ്പിക്കുന്നത് പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *