ബസ് സർവീസുകൾ കൂടുതൽ കൃത്യമാക്കാൻ എ.ഐ സാങ്കേതികവിദ്യയുമായി ദുബൈ

ദുബൈ: തത്സമയ ബസ് സർവീസുകളുടെ നിയന്ത്രണവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ബസ് ഓപറേഷൻസ് കൺട്രോൾ സെന്ററിൽ എ.ഐ അധിഷ്ഠിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ വിന്യസിച്ചു. അഡ്വാൻസ്ഡ് ഡാറ്റാ അനലിറ്റിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കിയത്.

എ.ഐ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ ലോകത്തെ മുൻനിര നഗരങ്ങളിലൊന്നായി ദുബൈയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയും കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസിന് കീഴിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്ററും ചേർന്നാണ് സംവിധാനം വികസിപ്പിച്ചത്.

ആർ.ടി.എയുടെ ‘ഡാറ്റാഇകു’ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ഡാഷ്‌ബോർഡുകൾ ദുബൈയിലെ ബസ് ശൃംഖലയിലുടനീളം തത്സമയ ഡാറ്റ വിശകലനം, മുൻകൂട്ടി പ്രവചനങ്ങൾ, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്ക് സഹായകരമാണ്. ബസുകൾ സമയത്തിന് മുമ്പ് പുറപ്പെടുന്നതിന്റെ നിരീക്ഷണം, ട്രിപ്പ് റദ്ദാകാനുള്ള സാധ്യത പ്രവചിക്കൽ, മെട്രോ സർവീസുകൾ തടസപ്പെടുമ്പോൾ അതിവേഗ ബസ് വിന്യാസം, ഷോർട്ട്-ടേണിങ് ഓപറേഷൻസ് ഒപ്റ്റിമൈസേഷൻ തുടങ്ങിയ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ സംവിധാനത്തിന്റെ സഹായത്തോടെ നിശ്ചിത സമയത്തിന് മുമ്പുള്ള ബസ് പുറപ്പെടലുകളിൽ 68 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതായി ആർ.ടി.എ അറിയിച്ചു. കൂടാതെ മെട്രോ സർവീസുകളിൽ തടസ്സമുണ്ടാകുമ്പോൾ ബസുകൾ വേഗത്തിൽ വിന്യസിക്കാനും ഓട്ടോമേറ്റഡ് അലർട്ട് സംവിധാനങ്ങളിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകാനും സാധിച്ചിട്ടുണ്ട്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി രൂപകൽപന ചെയ്ത സസ്റ്റൈനബിലിറ്റി ഡാഷ്‌ബോർഡുകൾ ബസുകളുടെ അനാവശ്യ എൻജിൻ പ്രവർത്തന സമയം കുറയ്ക്കുന്നതിനും പാർക്കിങ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു. ഇതിലൂടെ 13,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ കഴിഞ്ഞതായും ആർ.ടി.എ വ്യക്തമാക്കി.

ദുബൈ ബസ് ശൃംഖലയുടെ പ്രധാന നിയന്ത്രണ കേന്ദ്രമായ ബസ് ഓപറേഷൻസ് കൺട്രോൾ സെന്റർ ഇപ്പോൾ കൂടുതൽ സ്മാർട്ടും ഡാറ്റാ അധിഷ്ഠിതവുമായ പ്രവർത്തന രീതിയിലേക്ക് മാറിയിരിക്കുകയാണ്. പുതിയ ഡാഷ്‌ബോർഡുകൾ സർവീസുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത അനുഭവവും ഉറപ്പാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *