നൈന്‍റീസ് തലമുറയുടെ പ്രിയപ്പെട്ട സൂപ്പർഹീറോയായ ശക്തിമാനെ കുറിച്ചും അതിന്റെ സിനിമാ രൂപാന്തരത്തെ കുറിച്ചും അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പരമ്പരയിലെ സഹനടൻ ലളിത് പരിമു. ശക്തിമാൻ എന്ന കഥാപാത്രത്തിലൂടെ മുകേഷ് ഖന്നയ്ക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. 2022ൽ ശക്തിമാനെ ആസ്പദമാക്കി സിനിമ പ്രഖ്യാപിച്ചപ്പോൾ പ്രധാന കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുക എന്ന ചർച്ച ആരാധകർക്കിടയിൽ സജീവമായിരുന്നു. രൺവീർ സിങ്ങിന്റെ പേര് ഉയർന്നുവന്നതോടെ മുകേഷ് ഖന്ന അതിനെ തുറന്നടിച്ച് എതിർത്തിരുന്നു. ഈ കഥാപാത്രത്തിന് താൻ യോജിച്ച ആളാണെന്ന് തെളിയിക്കാൻ രൺവീർ ഒരിക്കൽ മൂന്ന് മണിക്കൂർ നേരം തന്റെ കൂടെ ചെലവഴിച്ചുവെന്നാണ് മുകേഷ് പറഞ്ഞത്. എന്നാൽ, മുകേഷ് ഖന്നയുടെ ഇത്തരം പ്രതികരണങ്ങൾ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമായിരിക്കാമെന്ന് ലളിത് പരിമു അഭിപ്രായപ്പെട്ടു.
‘‘ശക്തിമാൻ സിനിമക്ക് ടി.വി ഷോയുടെ അതേ മാന്ത്രികത ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ആ 350 എപ്പിസോഡുകളിൽ ഇതിനകം ആവശ്യത്തിലധികം കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ തലമുറ ഒരു സൂപ്പർഹീറോ ചിത്രം കാണുമ്പോൾ, അവർ അന്താരാഷ്ട്ര നിലവാരം മാത്രമേ പ്രതീക്ഷിക്കൂ. അതിൽ താഴെയുള്ളതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. സാങ്കേതികമായി ഉയർന്ന നിലവാരത്തിൽ നിർമിച്ചില്ലെങ്കിൽ, വിചാരിച്ച ഫലം ഉണ്ടാകില്ല’’ -ലളിത് പരിമു പറഞ്ഞു.
















Leave a Reply