കൊച്ചി: ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നാളെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അൻസിബയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. ടിനി ടോം നിരന്തരം സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തുന്നതായും കുടുംബത്തെ വേട്ടയാടുന്നതായും പരാതിയിൽ ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനിയുടേതെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമ്മ സംഘടനയുടെ ഫെബ്രുവരി 14-ന് നടന്ന കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പിന്നീട് സംഘടനയ്ക്കുള്ളിലെ തർക്കങ്ങളിലേക്ക് വഴിമാറിയത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം പരിപാടിയുടെ സ്പോൺസറായി എത്തിയതിനെതിരെ അൻസിബ ഉൾപ്പെടെ ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുടുംബസംഗമത്തിന് പിന്നാലെ അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്തു.
തന്റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് പിന്നീട് അൻസിബ വെളിപ്പെടുത്തിയിരുന്നു. താൻ ആരോടെങ്കിലും സംസാരിച്ചാൽ അവരെ ചേർത്ത് മോശം കഥകൾ പ്രചരിപ്പിച്ചിരുന്നുവെന്നും, ആളുകളെ മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയിരുന്നുവെന്നും അൻസിബ ആരോപിച്ചു.
ഇതിനിടെ തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അൻസിബ പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് കൈമാറുകയും തുടർനടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ടിനി ടോം വ്യക്തിപരമായി തന്നോട് മാത്രമല്ല, ഒരു സമൂഹത്തോടും തെറ്റ് ചെയ്തതാണെന്ന് അൻസിബ നേരത്തെ പ്രതികരിച്ചിരുന്നു. കേരളം പോലുള്ള മതനിരപേക്ഷ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ശ്രമിച്ചുവെന്നും, വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
















Leave a Reply