മസ്കത്ത്/ന്യൂഡൽഹി: ഒമാൻ തീരത്തെ ഹുർമുസ് കടലിടുക്കിന് സമീപം 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി ഒമാൻ അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
സംഭവവികാസങ്ങൾ എംബസി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യയുടെ തുറമുഖ, കപ്പൽഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ ഒമാൻ അധികൃതരുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. കപ്പലിൽ തീപിടിത്തമുണ്ടായതിന് പിന്നിൽ ആക്രമണമാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
കപ്പലിലെ ജീവനക്കാർ ഗുരുതര സാഹചര്യത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്ന് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (എഫ്.സി.യു.ഐ) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന സ്ഥിരീകരണം പുറത്തുവന്നത്.
















Leave a Reply