ഷാർജ: റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയ വളർച്ചയുമായി ഷാർജ. മെയ് മാസത്തിൽ മാത്രം 310 കോടി ദിർഹം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് എമിറേറ്റിൽ നടന്നതെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ 7,119 ഇടപാടുകളാണ് രേഖപ്പെടുത്തിയത്. വിൽപന നടന്ന സ്വത്തുക്കളുടെ ആകെ വിസ്തൃതി ഏകദേശം 95 ലക്ഷം ചതുരശ്ര അടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആകർഷകമായ നിക്ഷേപ അവസരങ്ങളും ശക്തമായ നിയമപരമായ സംവിധാനങ്ങളുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ വളർച്ചയ്ക്ക് കരുത്താകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, വികസന പദ്ധതികളും നഗരവൽക്കരണവും അന്താരാഷ്ട്ര നിക്ഷേപകരെയും പ്രമുഖ ഡെവലപ്പർമാരെയും ഷാർജയിലേക്ക് കൂടുതൽ ആകർഷിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രേഖപ്പെടുത്തിയ 7,119 ഇടപാടുകളിൽ 2,902 എണ്ണം ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടവയായിരുന്നു. 2,776 ടൈറ്റിൽ ഡീഡുകളും 513 പ്രാഥമിക വിൽപന കരാറുകളും രജിസ്റ്റർ ചെയ്തു. ഇതിന് പുറമെ 93.47 കോടി ദിർഹം മൂല്യമുള്ള 718 മോർട്ട്ഗേജ് ഇടപാടുകളും നടന്നു. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിലായി ഷാർജയിലെ 115 പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഇടപാടുകൾ നടന്നത്. 913 ഭൂമി വിൽപനകളും 683 സബ്‌ഡിവൈഡഡ് യൂണിറ്റ് ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
മെയ് മാസത്തിലെ ഏറ്റവും വലിയ ഭൂമി ഇടപാട് 9.2 കോടി ദിർഹം മൂല്യത്തിൽ അൽ സജ ഇൻഡസ്ട്രിയൽ മേഖലയിലായിരുന്നു. അതേസമയം, എട്ട് കോടി ദിർഹം മൂല്യമുള്ള ഏറ്റവും വലിയ മോർട്ട്ഗേജ് ഇടപാട് അൽ മംസാർ മേഖലയിലാണ് രേഖപ്പെടുത്തിയത്. ആകെ 1,851 വിൽപന ഇടപാടുകളിൽ 1,315 എണ്ണവും ഷാർജ സിറ്റിയിലായിരുന്നു. 328 ഇടപാടുകളുമായി മുവൈല കൊമേഴ്‌സ്യൽ മേഖലയാണ് ഒന്നാം സ്ഥാനത്ത്. 27.66 കോടി ദിർഹം മൂല്യമുള്ള ഇടപാടുകളോടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലും മുവൈല കൊമേഴ്‌സ്യൽ മുന്നിലെത്തി.
















Leave a Reply