കോഴിക്കോട്: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കി. ആഗസ്റ്റ് 19ന് രാത്രി 12 മുതൽ ആഗസ്റ്റ് 20ന് രാത്രി 12 വരെ ജില്ലയിലെ മുഴുവൻ ബീച്ചുകളിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വിനോദസഞ്ചാരികൾ, സന്ദർശകർ, കച്ചവടക്കാർ എന്നിവർക്കും നിയന്ത്രണം ബാധകമാണ്.
ആഗസ്റ്റ് 19ന് പുലർച്ചെ 2.30 മുതൽ ആഗസ്റ്റ് 20ന് വൈകീട്ട് 5.30 വരെ 1.2 മുതൽ 1.9 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 16 മുതൽ 21 സെക്കൻഡ് വരെ ദൈർഘ്യമുള്ള തിരമാലകളായിരിക്കും പ്രതീക്ഷിക്കുന്നത്. ഇതുമൂലം തീരത്ത് പെട്ടെന്ന് വെള്ളം കയറുന്നതിനും തീരശോഷണത്തിനും സാധ്യതയുണ്ട്.
മത്സ്യബന്ധന വള്ളങ്ങൾക്കും ജാഗ്രത നിർദേശിച്ചിട്ടുണ്ട്. ബേപ്പൂർ തുറമുഖം, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലെയും ജില്ലയിലെ മറ്റ് മത്സ്യബന്ധന കേന്ദ്രങ്ങളിലെയും വള്ളങ്ങൾ സുരക്ഷിതമായ അകലത്തിൽ കെട്ടിയിടണം. ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും കടലിൽ ഇറക്കുന്നതിനും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും നിലവിൽ അനുമതിയില്ല.
ശക്തമായ തിരമാലകൾ മൂലം കടലിൽ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും തീരപ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തീരമേഖലയിൽ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും ബേപ്പൂർ റീജണൽ പോർട്ട് ഓഫിസറും ചേർന്ന് നിരീക്ഷണം ശക്തമാക്കും.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെയോ ആഗസ്റ്റ് 20ന് രാത്രി 12 വരെയോ സുരക്ഷാ നിർദേശങ്ങൾ തുടരും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.












Leave a Reply