കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അനധികൃതമായി സർവീസ് നടത്തുന്ന ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. യാത്രക്കാരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ ഗതാഗത നിയമലംഘനങ്ങളിലായി 68 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എറണാകുളം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്കും തിരിച്ചും പെർമിറ്റില്ലാതെ വാടകയ്ക്ക് സർവീസ് നടത്തിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു.
അനധികൃത ടാക്‌സി സർവീസിന് പുറമെ വാഹനങ്ങളിൽ നടത്തിയ അനുമതിയില്ലാത്ത മാറ്റങ്ങൾ, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലായ്മ, രജിസ്‌ട്രേഷൻ സംബന്ധമായ വീഴ്ചകൾ, സൈഡ് നമ്പർ പ്രദർശിപ്പിക്കാത്തത്, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ ചലാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും 1,47,000 രൂപ കോമ്പൗണ്ടിംഗ് ഫീസായി ഈടാക്കുകയും ചെയ്തു.
ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ നിർദേശപ്രകാരം മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സജി പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.
അനധികൃത ടാക്‌സികളിൽ യാത്ര ചെയ്യുന്നത് അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള നിയമപരമായ സംരക്ഷണം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിമാനത്താവള മേഖലയിലെ ഇത്തരം സർവീസുകൾ തടയുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നിയമാനുസൃത പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്നും എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ബിജു ഐസക് അറിയിച്ചു.












Leave a Reply