‘വന്ദേമാതരം ആലപിക്കാൻ പ്രോട്ടോക്കോൾ അനുവദിച്ചില്ല’; ബിജെപി പ്രതിഷേധത്തെ തള്ളി സുരേഷ് ഗോപി

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നതുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയഗീതം ആലപിക്കുന്നതിന് നിശ്ചിത പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ അത് സാധ്യമല്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതാണ് വന്ദേമാതരം ചടങ്ങിൽ ഉൾപ്പെടുത്താതിരുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം പാർട്ടി പ്രവർത്തകരെ ബോധ്യപ്പെടുത്തിയതോടെ അവർക്ക് കാര്യങ്ങൾ മനസിലായെന്നും സുരേഷ് ഗോപി പറഞ്ഞു.

ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് നടന്നത്. ചടങ്ങിനിടെ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വേദിയിൽ ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

വിഷയത്തിൽ സുരേഷ് ഗോപി ഇടപെട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം പ്രവർത്തകരെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധം പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *