തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 45.68 കോടി രൂപ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജുകളിലെ ഭൗതിക സൗകര്യങ്ങൾ, ഐ.ടി. സംവിധാനങ്ങൾ, മാനവവിഭവശേഷി, പഠന നിലവാരം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുക. സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
പുതിയ അക്കാദമിക ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, ഗവേഷണ സൗകര്യങ്ങൾ, ഐ.ടി. സംവിധാനങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾക്ക് അനുവദിച്ച തുക ഉപയോഗിക്കും. പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പുതിയ ഭരണനിർവഹണ കേന്ദ്രത്തിനാണ് ഏറ്റവും കൂടുതൽ തുകയായി 13.48 കോടി രൂപ അനുവദിച്ചത്.
മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടി രൂപയും കാര്യവട്ടം ഗവൺമെന്റ് കോളേജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്കുകൾക്കായി 4.81 കോടി രൂപയും അനുവദിച്ചു. ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടിയും ഗവൺമെന്റ് കോളേജ് മൂന്നാറിലെ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടിയും വകയിരുത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അക്കാദമിക് ബ്ലോക്കും ചുറ്റുമതിലും നിർമിക്കാൻ 1.29 കോടിയും വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ആർട്സ് ബ്ലോക്കിന് 1.34 കോടിയും കെ.കെ.ടി.എം. ഗവൺമെന്റ് കോളേജിന് 1.27 കോടിയും അനുവദിച്ചിട്ടുണ്ട്. എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷവും തോളന്നൂർ ഗവൺമെന്റ് കോളേജിന് 98.35 ലക്ഷവും ലഭിക്കും.
വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ഗവേഷണത്തിനും നവീകരണത്തിനുമുള്ള സാധ്യതകൾ വർധിപ്പിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കോളേജുകളെ കൂടുതൽ ആകർഷകവും വിദ്യാർഥിസൗഹൃദവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു.












Leave a Reply