റിയാദ്: യാത്രക്കാർക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര ടെർമിനൽ 5ലാണ് പുതിയ സംവിധാനം നടപ്പാക്കിയത്.
പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിലെ പൊതുഉച്ചഭാഷിണി അറിയിപ്പുകൾ ഒഴിവാക്കി. വിമാനങ്ങളുടെ സമയക്രമം ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ബോർഡിങ് ഗേറ്റുകൾക്ക് സമീപമുള്ള സംവിധാനങ്ങളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂ. യാത്രക്കാർക്ക് ആവശ്യമായ മറ്റ് വിവരങ്ങൾ ഡിജിറ്റൽ ഡിസ്പ്ലേകളിലും മൊബൈൽ ആപ്പിലൂടെയും ലഭ്യമാക്കും.
വിമാനത്താവളത്തിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനൊപ്പം യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നതാണ് നടപടിയുടെ ലക്ഷ്യം. റിയാദിനെ ആഗോള വ്യോമയാന കേന്ദ്രമായി വികസിപ്പിക്കുന്നതിനും വിമാനത്താവള സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ‘സൈലന്റ് എയർപോർട്ട്’ സംവിധാനം അവതരിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ അടുത്തിടെ കിങ് ഖാലിദ് വിമാനത്താവളം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പ്രതിവർഷം മൂന്ന് മുതൽ നാല് കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ, വികസന പുരോഗതിയിലും വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 14-ാം സ്ഥാനത്തുള്ള കിങ് ഖാലിദ് വിമാനത്താവളം പശ്ചിമേഷ്യയിലെ വിമാനത്താവള ജീവനക്കാരുടെ മികവിലും രണ്ടാം സ്ഥാനത്താണ്.





Leave a Reply